11 സ്വകാര്യ സ്‌കൂള്‍ നിര്‍മ്മാണത്തിനുള്ള പ്ലോട്ടുകള്‍ക്കായി 116 ടെന്‍ഡറുകള്‍ ലഭിച്ചു

ദോഹ: സ്വകാര്യ സ്‌കൂളുകളുടെ നിര്‍മാണത്തിനു വേണ്ടി അനുവദിച്ച 11 പ്ലോട്ടുകള്‍ക്ക് നിക്ഷേപകരില്‍ നിന്ന് 116 ടെന്‍ഡറുകള്‍ ലഭിച്ചതായി അധികൃതര്‍.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം രാജ്യത്തെ സാമ്പത്തിക വികസന പദ്ധതികളില്‍ ഉറപ്പാക്കാനുള്ള പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയിലുള്ള മന്ത്രി തല സംഘമാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ടെന്‍ഡറുകളുടെ പരിശോധനയ്ക്കും മറ്റ് നടപടികള്‍ക്കും ശേഷമായിരിക്കും ലേലത്തില്‍ വിജയിച്ചവരെ പ്രഖ്യാപിക്കുന്നത്.

വ്യത്യസ്ത ഗ്രേഡുകളിലായി 12,000 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയിലൂടെ സീറ്റ് ലഭിക്കുകയെന്നാണ് പ്രതീക്ഷ.

നിലവിലെയും ഭാവിയിലെയും വിദ്യാഭ്യാസമേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റാനും പദ്ധതിയിലൂടെ കഴിയും.

ജന സാന്ദ്രത കൂടിയതും സാംസ്‌കാരിക വൈവിധ്യവുമുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ക്കായുള്ള ഭൂമി വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ ഹസ്സന്‍ അബ്ദുല്ല അല്‍ മുഹമ്മദി പറഞ്ഞു.

അമേരിക്കന്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് ഉം ഖ്വാണിലെ ഒരു സ്‌കൂള്‍ നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനുമായി 10 നിക്ഷേപകരാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

Top