Egypt bomb blast- 10 policemen killed

കയ്‌റോ: വടക്കന്‍സീനായിയിലെ എല്‍ ആരിഷ് പട്ടണത്തില്‍ ഐഎസ് ബന്ധമുള്ള ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ പത്തു പോലീസുകാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന് ചപ്പുചവറുകള്‍ കൊണ്ടുപോകുന്ന ട്രക്കാണ് ഉപയോഗിച്ചത്.

എല്‍ ആരിഷ് മുനിസിപ്പാലിറ്റിയില്‍നിന്നു മോഷ്ടിച്ച ട്രക്കില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചശേഷം ഈജിപ്ഷ്യന്‍ ചെക്കുപോസ്റ്റിലെത്തിച്ചു സ്‌ഫോടനം നടത്തുകയായിരുന്നു. ഏതാനും സിവിലിയന്മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഐഎസുമായി ബന്ധമുള്ള അന്‍സാര്‍ ബെയ്ത് എല്‍ മാക്ദസ് സംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്. ട്രക്ക് സ്‌ഫോടനത്തിനുശേഷം അക്രമികള്‍ ചെക്കുപോസ്റ്റിനെ ലക്ഷ്യമിട്ട് വെടിവയ്പു നടത്തുകയും ചെയ്തു.

പ്രസിഡന്റ് മുബാറക്കിനെ പുറത്താക്കിയ 2011ലെ വിപ്‌ളവത്തിനുശേഷം ഈജിപ്തിലെ വടക്കന്‍ സീനായ് മേഖലയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ അരങ്ങേറി. 2013ല്‍ ഇസ്ലാമിസ്റ്റ് നേതാവ് മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് പദത്തില്‍നിന്നു പുറത്താക്കിയതിനെത്തുടര്‍ന്ന് ആക്രമണങ്ങള്‍ വര്‍ധിച്ചു. പോലീസിനെയും സൈനികരെയുമാണ് ഭീകരര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഭീകരാക്രമണങ്ങളില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Top