കറാച്ചിയിലെ റീജന്റ് പ്ലാസ ഹോട്ടലില്‍ തീപിടുത്തം: പതിനൊന്ന് മരണം

fire-breaking

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള റീജന്റ് പ്ലാസ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ പതിനൊന്ന് മരണം. മുപ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഷെഹ്ര ഇ ഫൈസലിനടുത്തുള്ള ഹോട്ടലിലെ താഴത്തെ നിലയിലുള്ള അടുക്കളയില്‍ നിന്നാണ് ആറുനില കെട്ടിടത്തില്‍ തീപിടിച്ചത്.

ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നു മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിച്ചതിനെ തുടര്‍ന്ന് മുകളിലുള്ള നിലകളില്‍ ഉണ്ടായിരുന്നവര്‍ താഴെക്ക് ചാടിയിരുന്നു, ഇവര്‍ക്ക് ഒടിവുകളും മറ്റും സംഭവിച്ചിട്ടുണ്ട്.

ചിലരുടെ ശരീരത്തില്‍ ചില്ലുകള്‍ കൊണ്ടും പരിക്കേറ്റിട്ടുണ്ട്. കനത്ത പുക ശ്വസിച്ചവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ചവരില്‍ രണ്ട് ഡോക്ടര്‍മാരും നാലു സ്ത്രീകളും ഉള്‍പ്പെടും. അപകടത്തില്‍ പെട്ട രണ്ടു വിദേശികള്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. പലരും ഇപ്പോഴും ഹോട്ടലില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് കരുതുന്നത്. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.Related posts

Back to top