kanamrajendran against bjp

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നത് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നു വരുത്തിത്തീര്‍ത്ത് കേന്ദ്ര ഇടപെടല്‍ ക്ഷണിച്ചുവരുത്താനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കണ്ണൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ചു മാത്രമാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുള്ളതെന്നത് ഈ സംശയം ബലപ്പെടുത്തുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കാനം ആരോപിക്കുന്നു.

ഒരു രാഷ്ട്രീയ കൊലപാതകത്തെയും ന്യായീകരിക്കാനില്ലെന്നും എന്നാല്‍ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് പിന്‍തിരിയുന്നില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്ന് ബി.ജെ.പി ഓര്‍ക്കണമെന്നും കാനം കൂട്ടിച്ചേര്‍ക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്താകെ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമങ്ങളാണ് നടത്തിയിട്ടുള്ളത്. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ പലയിടങ്ങളിലും അക്രമങ്ങളുണ്ടായി. ക്രമസമാധാന നില തകര്‍ന്നുവെന്നു വരുത്തിത്തീര്‍ത്ത് കേന്ദ്ര ഇടപെടലിന് വഴിവയ്ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കണ്ണൂരില്‍ ആക്രമണത്തില്‍ സിപിഐ(എം), ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ചു മാത്രമാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുള്ളതെന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.

കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വിലാപജാഥ കടന്നുപോകുമ്പോഴായിരുന്നു തലശ്ശേരിയില്‍ സിപിഐ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. പാര്‍ട്ടി ഓഫീസിന്റെ ജനാലചില്ലുകളാകെ തകര്‍ന്നു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചുവെന്ന് ആരോപിച്ച് അതൊരു ദേശീയ പ്രശ്‌നമാക്കി മാറ്റുവാനും ഡല്‍ഹിയില്‍ എകെജി ഭവനുനേരെ പ്രകടനം നടത്തി പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചവരാണ് ബിജെപിക്കാര്‍.

ഒരു രാഷ്ട്രീയ കൊലപാതകത്തെയും ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന പാരമ്പര്യം സിപിഐക്ക് ഇല്ല. എന്തു പ്രകോപനം ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ തല്ലിത്തകര്‍ക്കുന്നത് ആശാസ്യകരമല്ല.

ഇത്തരം ആക്രമണങ്ങളില്‍ നിന്ന് പിന്‍തിരിയുന്നില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്ന് ബിജെപി നേതൃത്വം ഓര്‍ക്കുന്നത് നന്നായിരിക്കും. പാര്‍ട്ടി ഓഫീസ് ആക്രമണങ്ങളില്‍ നിന്ന് സ്വന്തം അണികളെ പിന്‍തിരിപ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ടുവരണം

Top