100 രൂപ നോട്ടുകള്‍ക്ക് ക്ഷാമം; ഭൂരിഭാഗവും മുഷിഞ്ഞതും എടിഎമ്മുകളില്‍ നിറയ്ക്കാന്‍ കഴിയാത്തതും

100

മുംബൈ: 2000, 200 രൂപാ നോട്ടുകള്‍ക്ക് പിന്നാലെ 100 രൂപാ നോട്ടുകളും കിട്ടാനില്ലാതാകുമെന്ന് സൂചന. 100 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് കുറയുന്നുവെന്നാണ് വിവരങ്ങള്‍. നിലവില്‍ വിപണിയില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും മുഷിഞ്ഞതും എടിഎമ്മുകളില്‍ നിറയ്ക്കാന്‍ സാധിക്കാത്തതുമാണെന്ന് ബാങ്കുകള്‍ പറയുന്നു.

നോട്ടുനിരോധനത്തെ തുടര്‍ന്ന് ക്ഷാമം പരിഹരിക്കാനായി മുഷിഞ്ഞ 100 രൂപ നോട്ടുകള്‍ വിനിമയം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുവാദം കൊടുത്തിരുന്നു. ഇവ ഇപ്പോഴും പ്രചാരത്തിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവ എടിഎമ്മുകളില്‍ നിറയ്ക്കാനാവില്ലെന്ന് ബാങ്കുകള്‍ പറയുന്നു.

100 രൂപ നോട്ടുകളുടെ വിതരണം കുറയുന്ന വിവരം ബാങ്കുകള്‍ ആര്‍ബിഐയെ അറിയിച്ചിട്ടുണ്ട്. പുതിയ 100 രൂപ നോട്ടുകള്‍ കൂടുതലായി അച്ചടിച്ച് വിതരണത്തിനെത്തിക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ 500 രൂപയുടെ നോട്ടുകള്‍ മാറാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും ബാങ്കുകള്‍ പറയുന്നു.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറച്ച് മുഷിഞ്ഞ 100 രൂപ നോട്ടുകള്‍ മാത്രമാണ് നീക്കം ചെയ്തത്. ഇതേതുടര്‍ന്ന് തൊട്ടടുത്ത 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിപണിയില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകള്‍ വര്‍ധിച്ചു. എന്നാല്‍ മുഷിഞ്ഞ നോട്ടുകള്‍ വിനിമയം ചെയ്യപ്പെടാത്ത സ്ഥിതിയിലുമാണ്.

Top