അഫ്ഗാനിസ്ഥാനില്‍ ആക്രമണം; പത്ത് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Bomb blast

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നംഗര്‍ഹാറിലെ വിദ്യാഭ്യാസ ഓഫീസിലാണ് ആയുധധാരികള്‍ ആക്രമണം നടത്തിയത്.

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9.30 ന് നടന്ന ആക്രമണത്തില്‍ ആയുധധാരികള്‍ ഓഫീസിലേയ്ക്ക് കടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അദുള്ള ഖൊഹിയാനി പറഞ്ഞു. തോക്കുധാരികളുടെ എണ്ണം സംബന്ധിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെട്ടിടത്തിനുള്ളില്‍ അമ്പത് പേരോളം കുടുങ്ങിയിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. തോക്കുധാരികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകള്‍ ഇപ്പോഴും തുടരുകയാണ്. വെയിവെയ്പ്പില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി നംഗര്‍ഹാര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് ഷിന്‍വാരി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസങ്ങളില്‍ ജലാലാബാദില്‍ നടന്ന വലിയ ആക്രമണങ്ങളില്‍ മൂന്നാമത്തേതാണ് ഇപ്പോള്‍ നടന്ന ആക്രമണം.

Top