ഹിന്ദുത്വ പ്രചാരണത്തിന് വാട്‌സ് ആപ്പും; പേര് ‘വാട്‌സ് ആപ്പ് ശാഖ പരിവാര്‍’

ഗാന്ധിനഗര്‍: ഘര്‍ വാപ്‌സിയുമായി ആര്‍.എസ്.എസും വി.എച്ച്.പിയും മുന്നോട്ട് പോകുന്നതിനിടെ ഇവരുടെ യുവജനസംഘടനകള്‍ ഹൈന്ദവ ആശയങ്ങളുടെ പ്രചാരണത്തിനായി വാട്‌സ് ആപ്പും ഉപയോഗിക്കുന്നു. യുവാക്കളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ വാട്‌സ് ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പേ ഇതു തുടങ്ങിയിരുന്നതായി ഗുജറാത്തിലെ ആര്‍.എസ്.എസിന്റെ പ്രചാര്‍ പ്രമുഖ് പ്രദീപ് ജയിന്‍ പറഞ്ഞു. ‘വാട്‌സ് ആപ്പ് ശാഖ പരിവാറിന്’ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഗുജറാത്തില്‍ മാത്രം 233 ഗ്രൂപ്പുകള്‍ വാട്‌സ് ആപ്പില്‍ ഉണ്ട്. ഇതില്‍ മൂന്നെണ്ണം സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പുകള്‍ ആണ്. ഹൈന്ദവ ദേശീയ വാദം സംബന്ധിച്ച വിഷയങ്ങള്‍ പ്രചരിപ്പിക്കാനാണ് വാട്‌സ് ആപ്പ് തുടങ്ങിയിരിക്കുന്നതെന്നും പ്രദീപ് ജെയിന്‍ പറഞ്ഞു.

ആര്‍.എസ്.എസ് നേരിട്ടല്ല വാട്‌സ് ആപ്പ് ശാഖ നിയന്ത്രിക്കുന്നത്. വാട്‌സ് ആപ്പ് നിയന്ത്രിക്കുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കുക മത്രമാണ് ആര്‍.എസ്.എസ് ചെയ്യുന്നത്. ഹൈന്ദവ ദേശീയ വാദം പ്രചരിപ്പിക്കുക മാത്രമല്ല, ഹൈന്ദവ പ്രത്യയ ശാസ്ത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്യുക എന്നതും വാട്‌സ് ആപ്പിന്റെ ലക്ഷ്യമാണ്.

Top