സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാനാവില്ല; ചെറുകിട ആശുപത്രി ഉടമകള്‍

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള നിരക്ക് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി ചെറുകിട ആശുപത്രി ഉടമകള്‍.

ഇരുപത് കിടക്കകളില്‍ താഴെയുള്ള ആശുപത്രി ഉടമകള്‍ ചേര്‍ന്ന് പുതിയ സംഘടനയും രൂപീകരിച്ചു. പുതുക്കിയ ശമ്പളം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് ഉടമകളുടെ നേതൃത്വത്തില്‍ പുതിയൊരു സംഘടന രൂപീകരിച്ചിരിക്കുന്നത്.

ഇരുപത് കിടക്കകളില്‍ താഴെയുള്ള ആശുപത്രികളും ക്ലിനിക്കുകളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ സംഘടന. ഇത്തരം ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 18,232 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് നല്‍കാനാവില്ലെന്നാണ് പുതിയ സംഘടനയുടെ തീരുമാനം.

ഇത്രയുമോ ഇതിലധികമോ ശമ്പളം നല്‍കണമെങ്കില്‍ മരുന്നുകളിലടക്കം സര്‍ക്കാര്‍ സഹായമുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് വന്‍കിട ആശുപത്രികള്‍ സമ്മതിച്ചിരുന്നു.

അതിലും കൂടുതല്‍ വേണമെന്നാണ് നഴ്‌സുമാരുടെ നിലപാട്. ഇതിനിടെ ഇത്രയും പോലും നല്‍കില്ലെന്ന പുതിയ നിലപാട് പ്രതിസന്ധി രൂക്ഷമാക്കും.

രൂപീകരണയോഗത്തില്‍ തിരുവനന്തപുരം നഗരത്തിലെ നൂറിലേറെ ആശുപത്രി ഉടമകള്‍ പങ്കെടുത്തെന്നും സംസ്ഥാന തലത്തില്‍ രണ്ടായിരത്തോളം ആശുപത്രികളുണ്ടെന്നും അവകാശപ്പെടുന്നു.

Top