വീണ്ടും വാനാക്രിപ്റ്റ് സൈബര്‍ അറ്റാക്ക്; ഇന്ത്യയിലും ആക്രമണമുണ്ടായേക്കാം

ലണ്ടന്‍ : വീണ്ടും വാനാക്രിപ്റ്റ് (വാനാക്രൈ) സൈബര്‍ ആക്രമണം. ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വലിയതോതില്‍ ആക്രമണമുണ്ടായേക്കും എന്നാണു മുന്നറിയിപ്പ്. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു സൈബര്‍ സുരക്ഷാ വിദഗ്ധര്‍ അറിയിച്ചു.

കംപ്യൂട്ടറുകളില്‍ കടന്നുകയറി ഫയലുകള്‍ ലോക്ക് ചെയ്യുകയും തുറക്കാന്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെടുകയുമാണു വാനാക്രൈ അറ്റാക് രീതി. യുക്രൈനിലെ ഏറ്റവുംവലിയ സൈബര്‍ ആക്രമണമാണു ചൊവ്വാഴ്ച ഉണ്ടായത്.

ബ്രിട്ടീഷ് ദേശീയ സൈബര്‍ സുരക്ഷാവിഭാഗം രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചു.

മുന്‍പ് നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ ഉത്തരകൊറിയയാണെന്ന് ബ്രിട്ടനും യുഎസും കണ്ടെത്തിയിരുന്നു. ബ്രിട്ടന്റെ നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍സിഎസ്‌സി) ആണു രാജ്യാന്തര അന്വേഷണത്തിനു നേതൃത്വംനല്‍കുന്നത്.

ഉത്തരകൊറിയയിലെ മാല്‍വെയറുകളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രിപ്റ്റിന്റെ ഉപജ്ഞാതാക്കളെന്നാണ് എന്‍സിഎസ്‌സിയുടെ നിഗമനം.

Top