രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാര്‍ക്ക് മുഴുവനായും പാന്‍(പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് നിര്‍ബന്ധമാക്കുന്ന പദ്ധതി വരുന്നു. എല്ലാ പണമിടപാടുകളും നികുതിവലയുടെ കീഴില്‍ കൊണ്ടുവരുകയാണ് ഈ നീക്കത്തിനു പിന്നില്‍.

നിലവില്‍ പല ബാങ്ക് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍, കൂടുതല്‍ പണമിടപാടുകളും പാന്‍കാര്‍ഡില്ലാതെയാണു നടക്കുന്നത്. ഇതുകൂടി ഉള്‍പ്പെടുത്തി നികുതിവല വലുതാക്കുകയാണ് ഉദ്ദേശ്യം.

കേന്ദ്ര പ്രത്യക്ഷനികുതിവകുപ്പ് ഇതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. യു.ടി.ഐ. ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജീസ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ്, നാഷണല്‍ സെക്യൂരിറ്റീസ് ആന്‍ഡ് ഡെപ്പോസിറ്ററി ലിമിറ്റഡ് എന്നിവയെ ദേശീയാടിസ്ഥാനത്തില്‍ പാന്‍ കാര്‍ഡ് വിതരണ ചുമതല ഇതിനകം ഏല്‍പ്പിച്ചുകഴിഞ്ഞു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് രാജ്യവ്യാപകമായി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്. ഒരുലക്ഷം രൂപ മുതലുള്ള സ്വര്‍ണ ഇടപാടുകള്‍ക്കും 20,000 രൂപ മുതലുള്ള സ്വത്തിടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ആകെ 22.3 കോടി പാന്‍ കാര്‍ഡുകളാണുള്ളത്. പാന്‍ കാര്‍ഡ് ഉടമകളുടെ 16 ശതമാനം മാത്രമാണ് ഇപ്പോള്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്.

ഭൂരിഭാഗം കാര്‍ഡുടമകളും ആദായനികുതി ഒഴിവ് പരിധിയായ(സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍) 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവരാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 18 ശതമാനം കാര്‍ഡുകളാണ് ഇതിനകം നല്‍കിയിട്ടുള്ളത്.

Top