മാവോയിസ്റ്റ് നേതാക്കന്മാര്‍ കോടീശ്വരന്മാരെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്

പാട്‌ന: മാവോയിസ്റ്റ് നേതാക്കളായ സന്ദീപ്, പ്രദ്യുമ്‌നന്‍ അടക്കമുള്ളവര്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളവരെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.

കൊള്ളയടിച്ചും ഭീഷണിപ്പെടുത്തിയും ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് ഇവരുടെ കുടുംബങ്ങളും കോടീശ്വരന്മാരായി വാഴുകയാണെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.

മാവോയിസ്റ്റുകളുടെ ബീഹാര്‍ ഝാര്‍ഖണ്ഡ് പ്രത്യേക മേഖലാ കമ്മിറ്റിയുടെ ചുമതലക്കാരനായ സന്ദീപിനെതിരെ 88 കേസുകളുണ്ട്.

അഞ്ചു ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ വിലയിട്ടിരുന്നത്. ഇയാളുടെ സഹോദരന്‍ ധനിക് ലാലും മാവോയിസ്റ്റാണ്. കുട്ടികള്‍ പേരുകേട്ട കോളേജുകളിലാണ് പഠിക്കുന്നത്. അവര്‍ക്ക് സ്‌പോര്‍ട്ട്‌സ് ബൈക്കുകളുണ്ട്.

പ്രദ്യുമ്‌നന്‍ 51 കേസുകളില്‍ പ്രതിയാണ്. തലയ്ക്ക് അരലക്ഷം രൂപയാണ് വില. സന്ദീപിന്റെ മൂത്ത മകന്‍ പാട്‌നയിലെ പേരുകേട്ട കോളേജിലെ ബിബിഎ രണ്ടം വര്‍ഷ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകന്‍ രാഹുല്‍ അമ്മ രജന്തി കുമാരിക്കൊപ്പം റാഞ്ചിയിലാണ് താമസം.

രജന്തി സ്‌കൂള്‍ അധ്യാപികയാണ്. ശമ്പളത്തിനു പുറമേ 80 ലക്ഷം രൂപയുടെ സ്വത്തുമുണ്ട്. പതിമൂന്നര ലക്ഷം രൂപ വീതം മൂന്ന് അക്കൗണ്ടുകളിലുണ്ട്. രണ്ടര ലക്ഷം രൂപ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. പ്രദ്യുമ്‌നനും സഹോദരനും കൂടി ജെഹനാബാദില്‍ 250 ഏക്കര്‍ ഭൂമിയുണ്ട്.

വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോ എന്‍ഫോഴ്‌സമെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.

Top