നോക്കിയയുടെ ചെന്നൈ നിര്‍മ്മാണ ഫാക്ടറി അടുത്ത മാസം അടച്ചുപൂട്ടും

ചെന്നൈ: മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയയുടെ ചെന്നൈ ശ്രീപെരുംപുതൂരിലെ നിര്‍മ്മാണ ഫാക്ടറി അടുത്ത മാസം ഒന്നിന് അടച്ചുപൂട്ടും. കമ്പനി ഏറ്റെടുത്ത മൈക്രോസോഫ്റ്റ് ചെന്നൈ ഫാക്ടറിയില്‍ നിന്നും ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നതിനുള്ള കരാറില്‍ നിന്നും പിന്‍മാറിയതോടെയാണിത്. 2006ലാണ് നോക്കിയയുടെ ചെന്നൈ ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്.

ഏപ്രിലില്‍ 720 കോടി ഡോളറിനാണ് നോക്കിയയെ മെക്രോസോഫ്റ്റ് ഏറ്റെടുത്തത്. സര്‍ക്കാരുമായുളള നികുതിതര്‍ക്കത്തെ തുടര്‍ന്ന് നോക്കിയയുടെ ചെന്നെ പ്ലാന്റ് ഏറ്റെടുക്കാന്‍ മെക്രോസോഫ്റ്റിന് സാധിച്ചിരുന്നില്ല.

2400 കോടി രൂപയുടെ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നോക്കിയയ്ക്കു നോട്ടീസു നല്‍കിയിരുന്നു. ആഭ്യന്തരവിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മറ്റൊരു കേസില്‍ പ്ലാന്റ് മൈക്രോസോഫ്റ്റിന് കൈമാറുന്നതിനു മുമ്പ് നോക്കിയ 3500 കോടി രൂപയുടെ ഗ്യാരന്റി നല്‍കണമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടു.

മാര്‍ച്ചില്‍ 6600 സ്ഥിരം ജീവനക്കാരാണ് ചെന്നൈ പ്ലാന്റിലുണ്ടായിരുന്നത്. ഇതില്‍ അയ്യായിരത്തോളം പേര്‍ കമ്പനിയുടെ വാഗ്ദാനപ്രകാരം സ്വയം വിരമിച്ചിരുന്നു.

Top