നെക്‌സസ് 5 ഫോണിന്റെ പുതിയ പതിപ്പ് എല്‍ജി തന്നെ നിര്‍മ്മിക്കും

ഗൂഗിള്‍ നെക്‌സസ് 5 ഫോണിന്റെ പുതിയ പതിപ്പ് എല്‍ജി കമ്പനി തന്നെയാണ് നിര്‍മിക്കുന്നതെന്ന് റിപ്പോര്‍ട്ട്. നെക്‌സസ് 6 ന്റെ വില വന്‍തോതില്‍ വെട്ടിക്കുറച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.

ഗൂഗിളിന്റെ നെക്‌സസ് സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ നല്ല രീതിയില്‍ വിറ്റുപോയ മോഡലാണ് നെക്‌സസ് 5. അത് ഗൂഗിളിനായി നിര്‍മിച്ചത് എല്‍ജി തന്നെയായിരുന്നു.

നെക്‌സസ് 5 ന്റെ പിന്‍ഗാമിയായ നെക്‌സസ് 6 നിര്‍മിച്ചത് മോട്ടറോള കമ്പനിയാണ്. എന്നാല്‍, വിപണിയില്‍ നെക്‌സസ് 5 ന്റെ അത്രയും വിജയം കൈവരിക്കാന്‍ അതിന്റെ പിന്‍ഗാമിക്കായില്ല.

നെക്‌സസ് 5 ന്റെ രണ്ടാംപതിപ്പ് നെക്‌സസ് 5 (2015) എന്ന പേരിലാണ് ടെക് ലോകത്ത് താത്ക്കാലികമായി അറിയപ്പെടുന്നത്. എല്‍ജി ജി4 എന്ന മോഡല്‍ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കില്ല നെക്‌സസ് 5 (2015). പുതിയ ഡിസൈനായിരിക്കും നെക്‌സസ് ഫോണിന്റേത്. എന്നാല്‍, ഗൂഗിളോ എല്‍ജിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഗൂഗിളിന്റെ അടുത്ത മൊബൈല്‍ ഒഎസ് വേര്‍ഷനായ ‘ആന്‍ഡ്രോയ്ഡ് എം’ ആയിരിക്കും നെക്‌സസ് 5 (2015) ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടുത്ത ആഗസ്തില്‍ പുറത്തിറക്കുമെന്ന് കരുതുന്ന ആ ഒഎസിനൊപ്പം പുതിയ ഫോണും എത്തുമോ എന്നത് അറിവായിട്ടില്ല.

രണ്ട് നെക്‌സസ് ഫോണുകള്‍ ഇത്തവണ ഗൂഗിള്‍ അവതരിപ്പിക്കുമെന്നാണ് വിവിധ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ബുള്‍ഹെഡ്’ എന്ന കോഡുനാമത്തില്‍ 5.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഒരു നെക്‌സസ് ഫോണ്‍ ചൈനീസ് കമ്പനിയായ വാവേ തയ്യാറാക്കുന്നുണ്ട്.

എല്‍ജി നിര്‍മിക്കുന്നത് 5.2 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള നെക്‌സസ് ഫോണ്‍ ആണ്. അതിന്റെ കോഡുനാമം ‘ആന്‍ഗ്ലര്‍’ എന്നാണ്.

Top