‘നല്ല നാളുകള്‍’ വാഗ്ദാനം ചെയ്തത് ബി.ജെ.പിയല്ല, സോഷ്യല്‍ മീഡിയയാണെന്ന് കേന്ദ്രമന്ത്രി

ഇന്‍ഡോര്‍: ‘അച്ഛേ ദിന്‍’ (നല്ല നാളുകള്‍) ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര ഉരുക്ക് ഖനന മന്ത്രി നരേന്ദ്ര തോമര്‍. പൊതു തിരഞ്ഞെടുപ്പിലേതെന്ന പേരില്‍ പ്രചരിക്കുന്ന മുദ്രാവാക്യം സോഷ്യല്‍ മീഡിയയുടെ സൃഷ്ടിയാണെന്നും മന്ത്രി പറഞ്ഞു. സവാള വിലയും ബി.ജെ.പി വാഗ്ദാനവും സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നല്ല നാളുകള്‍ വരുമെന്നും രാഹുല്‍ ഗാന്ധിക്ക് പ്രതീക്ഷ വേണ്ടെന്നുമുള്ള സോഷ്യല്‍ മീഡിയ കാമ്പയിന്‍ ബി.ജെ.പിയുടെ തലയില്‍ വീഴുകയായിരുന്നു. തങ്ങളത് സ്വീകരിച്ചുവെന്നേ ഉള്ളൂ തോമര്‍ പറഞ്ഞു.

അതേസമയം, പ്രസ്താവന വിവാദമായതോടെ തോമര്‍ നിലപാട് മാറ്റി. താന്‍ പറഞ്ഞ ചില ഭാഗങ്ങള്‍ മാത്രം ചാനലുകള്‍ കാണിക്കുകയായിരുന്നെന്നും അത് ശരിയായില്ലെന്നും തോമര്‍ പറഞ്ഞു. നല്ല ദിനങ്ങള്‍ കൊണ്ടുവരാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top