ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്ക് വര്‍ധിപ്പിച്ചു. ജൂണ്‍- സെപറ്റംബര്‍ കാലയളവില്‍ എയര്‍ടെലാണ് രംഗത്തുവന്നത്. എയര്‍ടെല്‍ ഇന്റര്‍നെറ്റ് നിരക്കില്‍ 33 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

മറ്റ് പ്രമുഖ ടെലികോം കമ്പനികളായ വൊഡഫോണും, ഐഡിയയും ജൂണ്‍ മുതല്‍ തന്നെ പടിപടിയായി നിരക്ക് വര്‍ധന നടപ്പിലാക്കിവരുകയാണ്. മൊബൈല്‍ സേവനമേഖലയില്‍ 57 ശതമാനത്തിന്റെ വിപണിപങ്കാളിത്തമാണ് ഈ മൂന്നുകമ്പനികള്‍ക്കുളളത്.

ടുജി സേവനമേഖലയില്‍ അടിസ്ഥാന ഇന്റര്‍നെറ്റ്‌നിരക്കാണ് വൊഡഫോണ്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു ജിബി വരെയുളള ഇന്റര്‍നെറ്റ് സേവനത്തിന് 155 രൂപയില്‍ നിന്നും 175 രൂപയാക്കിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. എയര്‍ടെലും, ഐഡിയയും സമാനമായ നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്.

വൊഡഫോണും, ഐഡിയയും റാക്ക് നിരക്കില്‍ 100 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 10 കെബി വരെയുളള ഡാറ്റയ്ക്ക് 2 പൈസ ഈടാക്കിയിരുന്ന സ്ഥാനത്ത് 4 പൈസയാണ് വര്‍ധന. എയര്‍ടെലും നാലുപൈസയാക്കിയെങ്കിലും, വര്‍ധന 33 ശതമാനമാണ്. എയര്‍ടെല്‍ ഇതിനോടകം തന്നെ 10 കെബി വരെയുളള ഡാറ്റയ്ക്ക് 3 പൈസയാണ് ഈടാക്കുന്നത്.

Top