ജിഷ്ണു പ്രണോയ് കേസ് ; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ജിഷ്ണു പഠിച്ചിരുന്ന പാമ്പാടി നെഹ്‌റു കോളജില്‍ നിന്ന് കണ്ടെത്തിയ ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തെ ലാബില്‍ സൗകര്യമില്ലാത്തതിനാല്‍ അഹമ്മദാബാദിലെ ഫോറന്‍സിക് ലാബിലാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ജിഷ്ണു എഴുതിയ മൂന്നു കത്തുകള്‍ കണ്ടെത്തിയതില്‍ ഒരണ്ണെത്തിലെ ഒപ്പ് വ്യത്യസ്തമാണെന്നും മറ്റുള്ളവയിലെ കൈയക്ഷരം സമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഷഹീര്‍ ഷൗക്കത്തലി കേസില്‍ അന്വേഷണം തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇരുകേസുകളിലും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കം മൂന്നു പേരുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കവേ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയുടെ അമ്മ മഹിജയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും കേസില്‍ പോലീസ് വലിയ വീഴ്ച വരുത്തിയെന്നും മഹിജ ആരോപിച്ചിരുന്നു.

Top