ചൈല്‍ഡ് പോണോഗ്രഫിക്കെതിരെ ടെക് ഭീമന്മാര്‍ ഒന്നിക്കുന്നു

ന്യൂയോര്‍ക്ക്: വ്യാപകമായ ചൈല്‍ഡ് പോണോഗ്രഫി തടയാനാവശ്യമായ നടപടികള്‍ക്ക് വേണ്ടി ടെക് ഭീമന്‍മാര്‍ ഒന്നിക്കുന്നു. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യാഹു എന്നിവരാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വേണ്ടി കൈകോര്‍ക്കുന്നത്. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്.

വിവിധ ഹാഷ് ടാഗുകളുപയോഗിച്ച് ചൈല്‍ഡ് പോണോഗ്രഫി ടാഗ് ചെയ്യുകയാണ് ആദ്യഘട്ടം. ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് എന്ന് വിശേഷിപ്പിക്കുന്ന ടാഗുകള്‍ കോഡ് രൂപത്തില്‍ നല്‍കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഐഡബ്ല്യുഎഫ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സംവിധാനത്തിലൂടെ ഒരാള്‍ സോഷ്യല്‍മീഡിയയിലോ മറ്റ് വെബ്‌സൈറ്റുകളിലോ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ആ നിമിഷം തന്നെ സ്‌കാന്‍ ചെയ്യപ്പെടുകയും ഐഡബ്ല്യുഎഫ് ഹാഷ് ടാഗ് ചെയ്ത ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യും. ഐഡബ്ല്യുഎഫ് ടാഗ് ചെയ്ത വിഭാഗത്തിലുള്ള ചിത്രമാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കില്‍ ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ആവില്ല.

ഐഡബ്ല്യുഎഫിന്റെ നിയന്ത്രണത്തിലായിരിക്കും ഏതൊക്കെ ഹാഷ് ടാഗുകളാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുക. പിന്നീട് അത് മുകളില്‍ പറഞ്ഞു അഞ്ചു കമ്പനികളുമായും പങ്കുവയ്ക്കും.

Top