ഗൂഗിളിന്റെ നെക്‌സസ് 5ന് രണ്ടാം പതിപ്പ് വരുന്നു

ഗൂഗിളിന് വേണ്ടി എല്‍.ജി. നിര്‍മിച്ച സ്മാര്‍ട്‌ഫോണ്‍ മോഡലായിരുന്നു നെക്‌സസ് 5. ആഗോളതലത്തില്‍ നല്ല സ്വീകാര്യത ലഭിച്ച ഫോണ്‍ 2015 മാര്‍ച്ച് 15 ന് വില്പന അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ നെക്‌സസ് 5 ന്റെ രണ്ടാംപതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.

നെക്‌സസ് നിരയില്‍ നെക്‌സസ് 6 എന്നൊരു ആറിഞ്ച് മോഡല്‍ ഗൂഗിള്‍ ഇറക്കിയെങ്കിലും അതിന് വിപണിയില്‍ വേണ്ടത്ര സ്വീകര്യത ലഭിച്ചില്ല. മോട്ടറോള നിര്‍മിച്ച ആ മോഡല്‍ ശരിക്കു പറഞ്ഞാല്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്നതിലുപരി ഒരു ഫാബ്‌ലറ്റായിരുന്നു.

നെക്‌സസ് 5 ന്റെ രണ്ടാം പതിപ്പിനൊപ്പം നെക്‌സസ് 6 ന്റെ അടുത്ത പതിപ്പും ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്‍ഡ്രോയ്ഡിന്റെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ‘എം’ വെര്‍ഷന്‍ ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും രണ്ട് ഫോണുകളിലുമുണ്ടാകുക എന്ന കാര്യം മാത്രമേ ഉറപ്പുള്ളൂ.

‘ബുള്‍ഹെഡ്’ എന്ന കോഡ്‌നാമത്തില്‍ ഒരുങ്ങുന്ന നെക്‌സസ് 5 (2015) മോഡലിന്റെ നിര്‍മാതാക്കള്‍ എല്‍.ജി. തന്നെയാണ്.

വാവേ ആംഗ്ലര്‍ എന്ന കോഡ്‌പേരില്‍ തയ്യാറാകുന്ന നെക്‌സസ് 6 ന്റെ പിന്‍ഗാമിയെ നിര്‍മിക്കുന്നതാകട്ടെ ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ വാവേയും.

രണ്ടു ഫോണുകളുടെയും വിശദവിവരങ്ങളോ റിലീസിങ് തീയതിയോ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ടെക്‌ലോകത്ത് പരക്കുകയാണ്.

ഗൂഗിളിന് വേണ്ടി നെക്‌സസ് ഫോണ്‍ നിര്‍മിക്കുന്നുണ്ടെന്ന കാര്യം വാവേയിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ച കാര്യവും ടെക്‌സൈറ്റുകള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യമായാണ് ഗൂഗിള്‍ വാവേയുമായി കൈകോര്‍ത്ത് നെക്‌സസ് ഫോണിറക്കുന്നത്. എച്ച്.ടി.സി., സാംസങ്, എല്‍.ജി., മോട്ടറോള കമ്പനികളാണ് ഇതുവരെ ഗൂഗിളിന് വിവിധ നെക്‌സസ് ഫോണുകള്‍ നിര്‍മിച്ചുനല്‍കിയത്.

2010 ലിറങ്ങിയ ആദ്യ നെക്‌സസ് ഫോണായ നെക്‌സസ് വണ്‍ നിര്‍മിച്ചത് എച്ച്.ടി.സിയായിരുന്നു. അതേവര്‍ഷം തന്നെ സാംസങ് നെക്‌സസ് എസ് എന്ന മോഡലുമിറക്കി. 2011 ല്‍ ഗാലക്‌സി നെക്‌സസും സാംസങിന്റേതായി പുറത്തുവന്നു. തുടര്‍ന്നുളള രണ്ടു വര്‍ഷങ്ങളില്‍ എല്‍.ജിയെയാണ് ഗൂഗിള്‍ കൂട്ടുപിടിച്ചത്. നെക്‌സസ് 4, നെക്‌സസ് 5 എന്നീ മോഡലുകള്‍ അങ്ങനെയിറങ്ങി. ഇപ്പോള്‍ വിപണിയിലുള്ള നെക്‌സസ് 6 നിര്‍മിച്ചുനല്‍കിയത് മോട്ടറോളയാണ്.

ഒക്‌ടോബറോടെ പുതിയ നെക്‌സസ് ഫോണുകളുടെ വില്പന തുടങ്ങുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന സൂചന.

Top