തലസ്ഥാനത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി; വന്‍ സംഘര്‍ഷം

തിരുവനന്തപുരം:സര്‍ക്കാര്‍ കോളജുകളിലെ സ്‌പോട്ട് അലോട്ട്‌മെന്റ് അട്ടിമറിച്ചു എന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം.

പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ഭീകരമായി തല്ലിച്ചതച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍ വാതകവും പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രയോഗിച്ചു. അതിക്രമത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് നടത്തുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് അതിക്രമം നടത്തിയത്.

അതേസമയം പൊലീസ് പ്രതിരോധം മറികടന്ന് വിദ്യാര്‍ത്ഥികള്‍ സെക്രട്ടറിയറ്റ് വളപ്പില്‍ കടന്നു. പൊലീസ് ശക്തമായി തിരിച്ചടിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല.

മുദ്രാവാക്യം വിളികളുമായി റോഡ് ഉപരോധിച്ച പ്രവര്‍കത്തകരെ ഒടുവില്‍ വി.ശിവന്‍കുട്ടി എം.എല്‍.എ എത്തി അനുനയിപ്പിക്കുകയായിരുന്നു.

ഹയര്‍ സെക്കന്‍ഡറി, ബിരുദ എകജാലക പ്രവേശനം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ഹയര്‍ സെക്കന്‍ഡറി പ്രവേശനം അട്ടിമറിച്ചതിലൂടെ അര്‍ഹരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സാധ്യമാകാത്ത സാഹചര്യമാണുള്ളത്.

Top