എല്‍ജിയുടെ പുതിയ സ്മാര്‍ട്ടഫോണ്‍ എല്‍ജി ജി4 ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

എല്‍ജിയുടെ പുതിയ മുന്‍നിര ഫോണായ എല്‍ജി ജി4 ( LG G4 ) ഏപ്രില്‍ 28 ന് പുറത്തിറങ്ങാന്‍ പോകുന്നതേയുള്ളൂ. എന്നാല്‍, അതിനിപ്പുറം ചിത്രങ്ങളും വിവങ്ങളും ഓണ്‍ലൈനില്‍ ചോര്‍ന്നെത്തി.

ടെക് വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിടുന്നതില്‍ ആശാനായ ഇവാന്‍ ബ്ലാസ്സ് ആണ് ട്വിറ്ററില്‍ എല്‍ജി കൊറിയയുടെ മൈക്രോസൈറ്റിലേക്കുള്ള ലിങ്ക് പോസ്റ്റ് ചെയ്തത്. താമസിയാതെ അതിലെ ചിത്രങ്ങളും വിവരങ്ങളുമെല്ലാം ഓണ്‍ലൈനിലെമ്പാടും പ്രസിദ്ധീകരിക്കപ്പെട്ടു. മൈക്രോസൈറ്റിന്റെ പ്രവര്‍ത്തനം പിന്നീട് നിര്‍ത്തിയെങ്കിലും എല്‍ജി ജി4 ന്റെ വിവരങ്ങള്‍ അപ്പോഴേക്കും എല്ലായിടത്തും എത്തി.

മനോഹരമായ തുകര്‍ചട്ടയോടുകൂടിയ എല്‍ജി ജി4 ഫോണുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ആരെയും ആകര്‍ഷിക്കാന്‍ പോന്ന രൂപഘടനയാണ് ഫോണിന്.

മാത്രമല്ല, ഫോണിന്റെ ചില സ്‌പെസിഫിക്കേഷനുകളും പുറത്തുവന്നിട്ടുണ്ട്. പക്ഷേ, അവയില്‍ പലതും ശരിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന്, ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവരം.

അതേസമയം, ജി4 ന്റെ ക്യാമറ f/1.8 അപ്പര്‍ച്ചര്‍ ഉള്ളതാണെന്ന കാര്യം എല്‍ജി സ്ഥിരീകരിച്ചിട്ടുണ്ട്. 13 എംപിയാണ് ക്യാമറയെന്നത് ശരിയാകണമെന്നില്ല എന്ന് നിരീക്ഷിക്കപ്പെടുന്നു.

5.5 ഇഞ്ച് ക്വാഡ് എച്ച്ഡി സ്‌ക്രീനുള്ള ഫോണാണ് ജി4. മാറ്റിവെയ്ക്കാവുന്ന 3000 എംഎഎച്ച് ബാറ്റിയാണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുണ്ട്. മറ്റ് വിശേഷങ്ങള്‍ അറിയാന്‍ ഏപ്രില്‍ 28 വരെ കാക്കാം.

Top