എല്‍ജിയുടെ നാല് ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ എത്തുന്നു

ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി നാലു പുത്തന്‍ സ്മാര്‍ട്‌ഫോണുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കൊറിയന്‍ കമ്പനിയായ എല്‍.ജി. ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന വിലയുള്ള ‘ബജറ്റ് ഫോണു’കളായിരിക്കും ഇവയെന്ന് എല്‍.ജി. സൂചിപ്പിക്കുന്നു.

മാഗ്മ, സ്പിരിറ്റ്, ലിയോണ്‍, ജോയ് എന്ന് പേരിട്ടിരിക്കുന്ന ഈ നാലു ഫോണുകളും ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

എല്‍.ജി. മാഗ്‌ന: 720 X 1280 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ച് ഇഞ്ച് ഹൈഡെഫനിഷന്‍ (294 പിക്‌സല്‍സ് പെര്‍ ഇഞ്ച്) ഡിസ്‌പ്ലേയാണ് ഈ ഫോണിനുണ്ടാകുക. 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഇതിലുണ്ട്. 2,540 എം.എ.എച്ച്. ബാറ്ററി ഫോണിന് വേണ്ട ഊര്‍ജം പകരുന്നു.

എല്‍.ജി. സ്പിരിറ്റ്: 720 X 1280 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 4.7 ഇഞ്ച് ഹൈഡെഫനിഷന്‍ (312 പി.പി.ഐ.) ഡിസ്‌പ്ലേയുള്ള എല്‍.ജി. സ്പിരിറ്റില്‍ മാഗ്‌നയിലേതുപോലെ 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസറും ഒരു ജി.ബി. റാമും ആണുണ്ടാകുക. ക്യാമറയുടെ കാര്യത്തിലും മാഗ്മയുമായി വ്യത്യാസമില്ല എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറ. സ്‌ക്രീന്‍വലിപ്പം മാഗ്മയേക്കാള്‍ അല്പം കുറവായതിനാലാവാം ബാറ്ററിയുടെ ശേഷിയും കുറച്ചിട്ടുണ്ട്, 2100 എം.എ.എച്ച്.

എല്‍.ജി. ലിയോണ്‍: സ്‌ക്രീന്‍ വലിപ്പം 4.5 ഇഞ്ച്. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 480 X 854 പിക്‌സല്‍സ്. 220 പി.പി.ഐ നിലവാരമുള്ള എഫ്.ഡബ്ല്യു.വി.ജി.എ. സ്‌ക്രീനാണിത്. ഹാര്‍ഡ്‌വേര്‍ വിശേഷങ്ങളെല്ലാം മാഗ്മയിലേതും സ്പിരിറ്റിലേതും പോലെത്തന്നെ. അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും വി.ജി.എ. മുന്‍ക്യാമറയുമാണ് ലിയോണില്‍ ഉണ്ടാകുക. 1900 എം.എ.എച്ച്. ബാറ്ററിയാണ് ഇതിലുള്ളത്.

എല്‍.ജി. ജോയ്: നാല് ഫോണുകളില്‍ ഏറ്റവും കുഞ്ഞന്‍ ഇവനാണ്. 480 X 800 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ നാല് ഇഞ്ച് ഡബ്ല്യു.വി.ജി.എ. (233 പി.പി.ഐ.) സ്‌ക്രീനുള്ള ഫോണില്‍ 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസസറാണുണ്ടാകുക. ഇന്റേണല്‍ മെമ്മറി നാല് ജി.ബി. ഒരു ജി.ബി.റാമോടു കൂടിയതും 512 എം.ബി. റാമോടു കൂടിയതുമായ രണ്ടു വകഭേദങ്ങള്‍ ഈ മോഡലിനുണ്ടാകും. അഞ്ച് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും വി.ജി.എ. മുന്‍ക്യാമറയും ഫോണിലുണ്ട്. 1900 എം.എ.എച്ച്. ബാറ്ററി ഫോണിന് വേണ്ട ഊര്‍ജം സമ്മാനിക്കുന്നു.

തിരഞ്ഞെടുത്ത വിപണികളില്‍ അടുത്തയാഴ്ച മുതല്‍ നാലു ഫോണുകളും വില്പനയ്‌ക്കെത്തും. അപ്പോള്‍ മാത്രമേ ഓരോന്നിനും എത്രയായിരിക്കും വില എന്ന കാര്യം അറിയാനാകൂ.

Top