എംഎം മണിയെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്ന് കോടിയേരി

തിരുവനന്തപുരം: എംഎം മണിയെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാര്‍ട്ടി യശസ്സിന് ചേരാത്ത പരാമര്‍ശത്തിനാണ് അച്ചടക്ക നടപടിയെടുത്തത്. എം എം മണിക്കെതിരെയുണ്ടായ അച്ചടക്ക നടപടി സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സി പി എം സംസ്ഥാന സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു കോടിയേരി.

മണി സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ല. എന്നാല്‍ മുഴുവന്‍ പ്രസംഗവും പരിശോധിക്കുമ്പോള്‍ ഒരു നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നു കണ്ടതു കൊണ്ടാണ് നടപടി എടുത്തതെന്നും കോടിയേരി പറഞ്ഞു.

എംഎം മണിയുടെ പല പ്രസംഗങ്ങളും പരിഗണിച്ചു. എല്ലാ നേതാക്കള്‍ക്കുമുള്ള മുന്നറിപ്പാണ് മണിക്കെതിരെയുള്ള നടപടി. ഇ എം എസും, ഇ കെ നായനാരും അടക്കമുള്ള നേതാക്കള്‍ക്കെതിരെപോലും അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്. പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമാണ് അച്ചടക്ക നടപടി. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും മറ്റുള്ളവര്‍ക്ക് ഒരു പാഠമാവാനുമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി

മൂന്നാര്‍ കൈയേറ്റ ഒഴുപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയില്‍ സി പി എം-സി പി ഐ തര്‍ക്കമില്ല. എന്നാല്‍ വലിയ തര്‍ക്കമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഭാഗത്ത് നിന്ന് വലിയ ശ്രമം നടക്കുന്നുണ്ട്. അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നതു തന്നെയാണ് സര്‍ക്കാര്‍ നയം. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കോടിയേരി വിശദീകരിച്ചു.

കുരിശ് പൊളിച്ച് നീക്കിയ വിഷയത്തില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസം വന്നത്. കുരിശ് നില്‍ക്കുന്ന സ്ഥലം ഒഴിപ്പിക്കേണ്ട രീതിയില്‍ ഒഴിപ്പിക്കണമായിരുന്നു. അല്ലാതെ ലോകവ്യാപക പ്രചാരണം നല്‍കി ഒഴിപ്പിക്കരുതായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top