സര്‍ക്കാര്‍ ആര്‍ഭാട വാഹനങ്ങള്‍ വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഉത്തരാഖണ്ഡ് ഹൈക്കോടതി

നൈനിറ്റാള്‍: സര്‍ക്കാര്‍ ആര്‍ഭാട വാഹനങ്ങള്‍, ഓഫീസ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവ വാങ്ങുന്നതിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി.

ജസ്റ്റിസ് രാജീവ് ശര്‍മയും അലോക് സിങ്ങുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സൗകര്യമൊരുക്കിയിട്ടു മതി ഇനി സര്‍ക്കാരിന്റെ ആര്‍ഭാടങ്ങളെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ശൗചാലയങ്ങള്‍, ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍, യൂണിഫോമുകള്‍, ഉച്ചഭക്ഷണം, ക്ലാസ് മുറികളില്‍ ആവശ്യത്തിന് വെളിച്ചം, ഇരിപ്പിടങ്ങള്‍, ബോര്‍ഡ് തുടങ്ങിയവ നിര്‍ബന്ധമായും ഒരുക്കിനല്‍കണമെന്ന് മുന്‍പ് കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഇങ്ങനെയൊരു സര്‍ക്കാരിന് ആര്‍ഭാടത്തിനായി പണം ചിലവഴിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അത്യാവശ്യമായ സൗകര്യങ്ങള്‍ പോലും സ്‌കൂളുകളില്‍ ഒരുക്കിനല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.

Top