കാത്തിരിപ്പുകള്‍ക്ക് വിരാമം – ജീപ്പ് കോംപസ് ജൂലൈ 31 ന്‌ എത്തും

jeep

യു എസ് നിര്‍മാതാക്കളായ ജീപ് ഇന്ത്യയ്ക്കായി അവതരിപ്പിക്കുന്ന ആദ്യ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ‘കോംപസ്’ ജൂലൈ 31ന് എത്തും.

‘കോംപസി’നു പുറമെ ‘ഗ്രാന്‍ഡ് ചെറോക്കീ’യും ‘റാംഗ്ലറു’മാണു ജീപ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

‘ഗ്രാന്‍ഡ് ചെറോക്കീ’ക്ക് ഒരു കോടിയോളം രൂപയും ‘റാംഗ്ലറി’ന് 50 ലക്ഷത്തോളവുമാണ് വില. എന്നാല്‍ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയാവും ‘കോംപസി’ന്റെ വരവ്.

ഹ്യൂണ്ടായ് ‘ട്യുസൊണി’നെ പോലുള്ള എസ് യു വികളെ നേരിടാനാണു ‘കോംപസി’ന്റെ വരവ്. ഏഴു ക്രോം ബൗണ്ട് സ്ലാറ്റ്, സീനോന്‍ ഹെഡ്‌ലൈറ്റ്, മുന്നില്‍ ക്രോമിന്റെ ധാരാളിത്തം തുടങ്ങി മുന്തിയ ജീപ് മോഡലുകളുടെ രൂപകല്‍പ്പനയിലെ സവിശേഷതകള്‍ നിലനിര്‍ത്തിയാണു ‘കോംപസി’ന്റെ വരവ്.

വലിപ്പമേറിയ, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ച്, താഴ്ന്നുവരുന്ന റൂഫ് ലൈന്‍ തുടങ്ങിയവയും ‘കോംപസി’ന്റെ പ്രത്യേകതയാണ്. കോണ്‍ടൂര്‍ഡ് ടെയില്‍ ലാംപുകളാണു പിന്‍ഭാഗത്തെ പ്രത്യേകത. ശുഭ്ര നിറത്തിനു മേധാവിത്തമുള്ള ‘കോംപസി’ന്റെ അകത്തളത്തില്‍ പ്രീമിയം സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ജീപ് ലഭ്യമാക്കുന്നുണ്ട്. 410 ലീറ്ററാണു ബൂട്ട് സ്‌പേസ്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, എ ബി എസ്, ഇ ബി ഡി തുടങ്ങി അന്‍പതോളം സുരക്ഷാ സവിശേഷതകളോടെയാവും ‘കോംപസി’ന്റെ വരവ്. 1.4 ലീറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍, രണ്ടു ലീറ്റര്‍ ഇകോ ഡീസല്‍ എന്‍ജിനുകളാണു ‘കോംപസി’നു കരുത്തേകുക.

‘കോംപസി’ന്റെ വിലയെ സംബന്ധിച്ച സൂചന പോലും ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീല്‍സ് ഇന്ത്യ നല്‍കിയിട്ടില്ല. എങ്കിലും ചരക്ക് സേവന നികുതി (ജി എസ് ടി) വഴി ലഭിച്ച ആനുകൂല്യം പ്രയോജനപ്പെടുത്തി പെട്രോള്‍ എന്‍ജിനുള്ള ‘കോംപസ്’ 16 ലക്ഷം രൂപയ്ക്കും ഡീസല്‍ എന്‍ജിനുള്ള മോഡലുകള്‍ 18 ലക്ഷം രൂപയ്ക്കും വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണു പ്രതീക്ഷ.Related posts

Back to top